ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനായി പ്രവർത്തകർ കൊണ്ടുവന്ന ഫാൻസി നോട്ടുകളും പോലീസ് പിടിച്ചെടുത്തു.
കേരളത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിനെ കൂടാതെ സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പോസ്റ്റോഫീസിന് നേരെ കല്ലേറുണ്ടായി. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ബാരിക്കേഡ് തകർത്ത് പോസ്റ്റോഫീസിലേക്ക് കടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇരുപതോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.