
ബംഗളൂരു: സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി ജെ റോയിയുടെ (57) സംസ്കാരം ഇന്ന്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഒരുമണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചരയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
മലയാളി വ്യവസായായ റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റോയ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും കോണ്‍ഫിഡന്റ് ഗ്രൂപിന്റെയും ആരോപണം.
റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയിരുന്നത്. ഇക്കാര്യം ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് സ്ഥിരീകരിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. ദുബായില്‍ ആയിരുന്ന റോയിയെ നോട്ടിസ് നല്കി വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്.
പരിശോധനകള്‍ക്കിടെ രേഖകളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ റോയിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കര്‍ണാടക ഹൈക്കോടതിയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.


