തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കെ കെ രമ എം എൽ എ. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ തന്നെ വിധി പ്രസ്താവിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും രമ ചോദിച്ചു.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമവിദഗ്ധരും എഴുത്തുകാരും വനിതാ ആക്ടിവിസ്റ്റുകളും കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്നായിരുന്നു കോടതി പറഞ്ഞത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ സെക്ഷൻ 354 എ നിലനിൽക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി പറഞ്ഞു.