തിരുവനന്തപുരം: പൗരത്വ നിയമം, കാശി, മഥുര എന്നിവ ഹിന്ദുത്വ വിഷയമല്ലെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആനന്ദ് രംഗനാഥന്. സിഎഎയും അധിനിവേശത്താല്‍ തകര്‍ക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങളും ഓരോ ഭാരതീയനും രാജ്യത്തിനായി ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. ബിജെപിയുടേയോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയോ ഭാഗമായി അല്ലാതെ രാഷ്ട്ര കാര്യമായി ഇവയെ സമീപിക്കണമെന്നും അദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗമായ ഹിന്ദു യൂത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
ബംഗ്ലാദേശില്‍ നിന്നുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ഇടത് പാര്‍ട്ടികളും, കോണ്‍ഗ്രസും കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ബിജെപി സര്‍ക്കാര്‍ അത് നിയമത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ തന്നെ പ്രതിഷേധവുമായി മുന്നോട്ടുവരുകയായിരുന്നു. പൗരത്വ നിയമം, മതപീഠനം നേരിട്ട ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, മുസ്ലീം വിഭാങ്ങളുടേയും കൂടി വിഷയമാണ്. ഇതിനെ ഒരു മതത്തിന് മാത്രമായുള്ള നിയമമായി കാണാന്‍ സാധിക്കില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ ഷിയാകള്‍ വന്‍ അതിക്രം നേരിടുന്നുണ്ട്. ലോകമെമ്പാടുമുള്ള 30 ദശലക്ഷം ഷിയാ മുസ്ലീംങ്ങള്‍ക്കും അഭയം നല്കാന് ഭാരതത്തിന് സാധിക്കില്ല. പാകിസ്ഥാനില്‍ പീഡനം നേരിടുന്ന അഹമ്മദീയ വിഭാഗത്തിനെ ഇസ്ലാമായി പോലും പരിഗണിക്കാന്‍ ഒവൈസിയെപ്പോലുളളവര് തയാറല്ല. ഇന്ത്യയിലെ യുവാക്കള്‍ തെറ്റായ ബിംബങ്ങളെ മാതൃകയാക്കുന്നു. ഇടത് ലിബറലുകള്‍ എന്ന് സ്വയം വാദിക്കുന്നവര്‍ ചെ-ഗുവേരയേയും, സ്റ്റാലിനേയും, ഔറംഗസേബിനേയും മാതൃകകളാക്കുന്നു. ഇവരാല്‍ കൊലചെയ്യപ്പെട്ട ദശലക്ഷക്കണക്കിന് നിരപരാധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. ലിബറലുകള്‍ പൊയ്മുഖങ്ങളാണെന്നും യഥാര്‍ത്ഥ ലിബറലുകളെ ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്നും ആനന്ദ് പറഞ്ഞു.
ഹിന്ദുത്വത്തെ രാജ്യത്തെ മാധ്യമങ്ങള്‍ ഐഎസ്എസുമായാണ് ഉപമിക്കുന്നത്. എന്നാല്‍ ഹിന്ദുത്വം വേദഗ്രന്ഥങ്ങള്‍ പിന്തുടരണമെന്നോ അവിശ്വാസികള്‍ പാടില്ലായെന്നോ നിഷ്കര്‍ഷിക്കുന്നില്ല.. അഫ്ഗാനിസ്ഥാനിലെ താലീബാനെകുറിച്ച് ചര്‍ച്ച നടത്തിയാല്‍ പോലും ഹിന്ദുത്വവുമായി താരതമ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ വ്യഗ്രത കാട്ടാറുണ്ട്. കശ്മീരിലെ ഭൂരിപക്ഷ വിഭാഗക്കാര്‍ കലാപങ്ങള്‍ സൃഷ്ടിച്ചാല്‍ അവിടെയുള്ള ഒരു ശതമാനം മാത്രമുള്ള ഹിന്ദുക്കളെയാണ് മിക്കപ്പോഴും പഴിചാരാറുള്ളത്. ഇന്ത്യയില്‍ ജെഎന്‍യു, കേരളം, മീഡിയാ എന്നിവിടങ്ങളില്‍ മാത്രമാണ് ഇന്ന് കമ്മ്യൂണിസം അവശേഷിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ആര്‍എസ്എസിന്റെ പങ്ക് അക്കാലത്തെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതായി അഡ്വ. ശങ്കു ടി ദാസ് സെമിനാറില്‍ പങ്കെടുത്ത് പറഞ്ഞു. വിപ്ലവകാരിയായ ത്രൈലോക് ചാറ്റര്‍ജിയുടെ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത് ആര്‍എസ്എസ് ആണ്. ഐഎന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി സുഭാഷ് ചന്ദ്രബോസ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബല്‍റാം ഹെഡ്ഗേവാറിനെ സന്ദര്‍ശിച്ചതായി ചരിത്രകാരനായ ആര്‍സി മജുംധാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ് സ്ഥാപനത്തിന് ശേഷവും സ്വാതന്ത്ര്യ സമരത്തില്‍ കോണ്ഗ്ര്സുകാരനായി പങ്കെടുത്ത് ഡോ. കേശവ ബല്‍റാം ജയില്‍വാസം അനുഷ്ഠിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റിയെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാനാണ് അവര്‍ സ്വന്തം കുറ്റം മറ്റുള്ളവര്‍ക്കുമേല്‍ ചുമഴ്ത്താന്‍ നോക്കുന്നതെന്നും ശങ്കു ടി ദാസ് പറഞ്ഞു.
ശാസ്ത്രത്തെ വിനാശകരമായി ഉപയോഗിക്കാത്ത ഏക ജനത ഇന്ത്യക്കാരാണെന്ന് ഡോ. ബാലാരാമ കൈമള്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു. അലക്സാണ്ടറുടെ ഇന്ത്യയിലേയ്ക്കുള്ള അധിനിവേശം പോലും ഇവിടെയുണ്ടായിരുന്ന ഇരുമ്പ് വ്യവസായത്തെ കുറിച്ച് അറിഞ്ഞുകൊണ്ടായിരുന്നു. ദക്ഷിണ ഭാരതത്തിലെ പല പ്രദേശങ്ങളുടെ ഇന്നത്തെ പേരുകളും ലോഹ വ്യവസായത്തിലെ പഴയ പെരുമയിലേയ്ക്കാണ് വിരള്ചൂണ്ടുന്നതെന്നും ബാലരാമ കൈമള്‍ പറഞ്ഞു.
