ന്യൂഡൽഹി: ബിജെപിയുമായി തൊട്ടുകൂടായ്മയില്ലെന്ന ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വസ്തുതകൾ പറയുമ്പോൾ ക്രിസ്ത്യൻ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും ഇത്ര അസ്വസ്ഥരാകുന്നത്? കർഷകർക്ക് വേണ്ടിയാണ് ബിഷപ്പ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരെ സഹായിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പാലാ ബിഷപ്പ് നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് സംസാരിച്ചപ്പോൾ സി.പി.എമ്മും കോൺഗ്രസും അതിനെയും വിമർശിച്ചു. സി.പി.എമ്മും കോൺഗ്രസും കേരളത്തിലെ ബിഷപ്പുമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ അവർ അസ്വസ്ഥരാകുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടുബാങ്കായി മാത്രമാണ് കാണുന്നത്. അതുകൊണ്ടാണ് ഇത്രയധികം പരിഭ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാർ സ്വന്തം സമുദായത്തെയും കർഷകരെയും കുറിച്ച് പറയുന്നതിൽ എന്തിനാണ് ഇത്ര പരിഭ്രമിക്കുന്നത്? ബി.ജെ.പിയെ പിന്തുണയ്ക്കേണ്ടെന്ന നിലപാട് ശരിയല്ല. റബറിന്റെ വില ഉയരുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതാണ് പ്രശ്നം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയുണ്ടായി. മോദി ന്യൂനപക്ഷ വിരുദ്ധനാണെന്ന കോൺഗ്രസിന്റെ പ്രചാരണത്തെ ക്രിസ്ത്യാനികൾ തള്ളി. റബർ കർഷകർക്ക് ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.