ബെയ്ജിങ്: പാകിസ്ഥാന് 70 കോടി ഡോളറിന്റെ സാമ്പത്തിക സഹായവുമായി ചൈന. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണ്യ നിധിയുമായി (ഐഎംഎഫ്) ചർച്ചകൾ അവസാന ഘട്ടത്തിലായ സമയത്താണ് ധനസഹായം ലഭിച്ചത്. ചൈനയിൽ നിന്ന് സഹായം സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് ചൈന ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് പണം ലഭിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ധനസഹായം ഒരിക്കലും മറക്കില്ലെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ഇസ്ലാമാബാദിൽ ഐഎംഎഫ് പ്രതിനിധികളുമായി ഇരുപക്ഷവും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
അതിനുശേഷം ഇരുപക്ഷവും വെർച്വൽ ചർച്ചകൾ നടത്തുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 290 കോടി ഡോളറിലെത്തിയിരുന്നു. ഇത് ഇപ്പോൾ 400 കോടി ഡോളറിനടുത്ത് ഉയർന്നു.