പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
നിലവില്‍ കുട്ടികള്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരുന്നു. ഇതിലാണ് ഇളവ് നല്‍കിയത്. ഇനി 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്ക്, സാനിറ്റൈസര്‍ ഉപയോഗിച്ചും ശബരിമല ദര്‍ശനം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെയും സ്റ്റേറ്റ് സ്പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.
കുട്ടികള്‍ ഒഴികെയുള്ള എല്ലാ തീര്‍ഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്സീന് എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് വന്ന് മൂന്നു മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.