കണ്ണൂർ: മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസുകാരൻ തലയ്ക്ക് വെട്ടേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് കോളനി നഗരിലാണ് സംഭവം നടന്നത്. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെ മകൻ ദയാൽ ആണ് മരിച്ചത്. ഇന്നലെ വെെകിട്ട് നാലോടെയായിരുന്നു സംഭവം.
ദയാലിന്റെ അമ്മ പ്രിയയുടെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. എൺപത് വയസുകാരിയായ ദയാലിന്റെ മുത്തശ്ശി പുലിക്കിരി നാരായണി വിറകുകീറുമ്പോൾ അബദ്ധത്തിൽ ദയാലിന് വേട്ടേൽക്കുകയായിരുന്നു. കുഞ്ഞ് പുറകിൽ വന്ന് നിന്നത് മുത്തശ്ശി അറിഞ്ഞിരുന്നില്ല. വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. നാരായണിയുടെ ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ല.
അതുകൊണ്ട് തന്നെ കുഞ്ഞ് അടുത്തേക്ക് വന്നത് ഇവർ കണ്ടില്ല. സംഭവസമയത്ത് പ്രിയ വീട്ടിലുണ്ടായിരുന്നു. പ്രിയയുടെ നിലവിളി കേട്ടെത്തിയവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൊഴിയെടുത്ത ശേഷം ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക് നാരായണിയുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദയാലിന്റെ സംസ്കാരം ഇന്ന് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടത്തും. സഹോദരി ദീക്ഷിത.
