ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠനകാലത്തെ പ്രിൻസിപ്പലും അധ്യാപകരും കേരളത്തിൽ നിന്നുള്ളവരായിരുന്നെന്നും ഉടൻ കേരള സന്ദർശനം നടത്തുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ പൊന്നാട അണിയിക്കുകയും തെയ്യത്തിന്റെ ഒറ്റത്തടി ശിൽപം സമ്മാനിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിച്ചു. ജഗ്ദീപ് ധൻഖർ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.