
കൽപറ്റ∙ അമിത് ഷായുടെ ഏറാൻമൂളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് സോമൻ. കൽപ്പറ്റ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായശേഷം ആദ്യമായാണ് സോമനെ വയനാട്ടിൽ എത്തിക്കുന്നത്.
തുരങ്കപാതയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതി മുറിയിലേക്ക് കയറിയത്. ദുരന്തം ഉണ്ടാക്കുന്ന തുരങ്കപാതയ്ക്ക് 2142 കോടി രൂപയും ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിന് 750 കോടിയും മാത്രമാണ് അനുവദിച്ചതെന്ന് സോമൻ വിളിച്ചു പറഞ്ഞു. മാവോയിസ്റ്റുകളെ വേട്ടയാടുന്നവർക്കെതിരെ കാലം കണക്കു ചോദിക്കുമെന്നും സോമൻ പറഞ്ഞു.
കൽപറ്റ സ്വദേശി സോമനെതിരെ വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. ബത്തേരിയിലെ ഒരു കേസിലാണ് തിങ്കളാഴ്ച കൽപ്പറ്റ കോടതിയിൽ വൻ പൊലീസ് സുരക്ഷയോടെ ഹാജരാക്കിയത്.
