
മനാമ: ബഹ്റൈനി സൊസൈറ്റി ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റിയുമായി അഫിലിയേറ്റ് ചെയ്ത സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബ് (യൂത്ത് ക്ലബ്ബ് ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി) ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ യുവജനകാര്യ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി മര്വാന് ഫൗദ് കമാല്‍ പങ്കെടുത്തു.
ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കുന്നതിലും സുസ്ഥിരതയെയും സാമൂഹിക ഉത്തരവാദിത്തത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ഒരു പ്രധാന ചുവടുവെപ്പാണ് ക്ലബ്ബിന്റെ സമാരംഭമെന്ന് അണ്ടര്‍സെക്രട്ടറി പറഞ്ഞു. ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിനും സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന ചെയ്യുന്നതിനുമുള്ള കഴിവുകളുള്ള യുവ നേതാക്കളെ വളര്‍ത്താനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ, ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ബഹ്റൈനിലെ യുവാക്കള്‍ക്കിടയില്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ സംസ്കാരം വികസിപ്പിക്കാനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് യൂത്ത് ക്ലബ് ഫോര്‍ സോഷ്യല്‍ റെസ്പോണ്സിബിലിറ്റി. സുസ്ഥിര വികസന പദ്ധതികളിലും സാമൂഹിക ആഘാത സംരംഭങ്ങളിലും സജീവമായി സംഭാവന നല്കാന് ആവശ്യമായ കഴിവുകള്‍, അറിവ്, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബഹ്റൈനി യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
