ആലപ്പുഴ : മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയഴീക്കൽ പാലം ഉദ്ഘാടന വേദിയിലാണ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി ചെന്നിത്തലയെ ട്രോളിയത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദത്തിന്റെ ദിവസമായി താൻ എടുത്തുപറയുന്ന ദിവസമാണ് ഇന്ന് എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇതിനെയാണ് മുഖ്യമന്ത്രി തമാശരൂപേണ പരിഹസിച്ചത്.
പാലത്തിന്റെ ഉദ്ഘടനം ചെയ്യുമ്പോൾ ജീവിതത്തിലെ വലിയ സന്തോഷം നൽകുന്ന ദിവസമാണ് എന്ന് അദ്ദേഹം (ചെന്നിത്തല) പറഞ്ഞത്. എന്നാൽ തന്റെ കണക്കുകൂട്ടൽ പ്രകാരം അദ്ദേഹത്തിന് (ചെന്നിത്തലയ്ക്ക്) ചെറിയ രീതിയിൽ ദുർദിനമാണ് എന്നതാണ്. എന്നാൽ നല്ലൊരു സന്തോഷം ആ വിഷമഘട്ടത്തിലും അദ്ദേഹത്തിന് വന്നു എന്നത് നമുക്കെല്ലാം സന്തോഷം നൽകുന്ന ഒന്നാണ് എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിനു നേരിടേണ്ടി വന്ന തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇരുവരുടെയും വാക്കുകൾ സൈബർ ലോകത്ത് ട്രോളന്മാർ വ്യാപകമായി ആഘോഷിക്കുന്നുണ്ട്.