തൃശൂർ: ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും എതിർകക്ഷികൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാമിന്റെ ഹർജി. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം അനുവദിക്കണമെന്ന ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്.
നിഷാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മുകുൾ റോഹ്തഗി, ഹാരിസ് ബീരാൻ എന്നിവർ ഒൻപത് വർഷമായി മുഹമ്മദ് നിഷാം ജയിലിൽ കഴിയുകയാണെന്ന് വാദിച്ചു. ഇതേതുടർന്നാണ് ഹർജിയിൽ തീർപ്പാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിഷാം സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം മുഹമ്മദ് നിഷാമിന് 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് തൃശൂർ സെഷൻസ് കോടതി വിധിച്ചത്. ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകാനും നിർദേശിച്ചിരുന്നു.