കീവ്: യുക്രെയ്നിലെ സുമി ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ വെടിനിർത്തൽ നിലവിൽ വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ആവശ്യപ്രകാരമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. വിദേശപൗരന്മാരെ ഒഴിപ്പിക്കാനാണ് താത്കാലിക വെടിനിർത്തൽ.
സുമി, ഖാർകീവ്, കീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ആശ്വസമായിരിക്കുകയാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സുമിയിലും മരിയുപോളിലും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരേയും ഒഴിപ്പിക്കാനായില്ലെന്നാണ് യുക്രെയ്ൻ അറിയിച്ചത്.
സുമിയിൽ എഴുന്നൂറോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഘർഷ സാദ്ധ്യത അനുസരിച്ച് ഏത് നിമിഷവും ഒഴിപ്പിക്കൽ ഉണ്ടായേക്കുമെന്നാണ് ഇന്ത്യൻ അധികൃതർ അറിയിച്ചിരുന്നത്. യാത്രാവിമാനങ്ങൾക്ക് യുക്രെയ്ൻ വ്യോമാതിർത്തിയിൽ വിലക്ക് വന്നതോടെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ റോഡ് മാർഗ്ഗം മോൾഡോവ, സ്ലൊവാക്യ, റൊമേനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങൾ വഴിയാണ് രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നത്.
