തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദം ഉണ്ടോ എന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.