ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ ഭീതിപടർത്തുന്ന അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ഹർജി പരിഗണിക്കുക.
കഴിഞ്ഞ ഞായറാഴ്ച ആനയെ മയക്കുവെടിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് നടപടികൾ തൽക്കാലം നിർത്തിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. അരിക്കൊമ്പൻ കാരണം പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, വിധി എതിരായാൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള ദൗത്യത്തിന് വനംവകുപ്പ് പൂർണ സജ്ജമാണ്. അരിക്കൊമ്പന്റെ നിരീക്ഷണവും തുടരുകയാണ്. നിലവിൽ മിഷൻ ഏരിയയായ സിമന്റ് പാലത്തിന് സമീപം കഴിഞ്ഞ 2 ദിവസമായി അരിക്കൊമ്പൻ പിടിയാനക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണുള്ളത്.