ആലപ്പുഴ:ആലപ്പുഴ കെ9 സ്ക്വാഡും, ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, 4 ചെറുപ്പക്കാരിൽനിന്നും, നിരോധിത മയക്കുമരുന്നിൽപ്പെട്ട കഞ്ചവും, ഹാഷിഷ് ഓയിലും കണ്ടെത്തി. ആഡംബര ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവ് ഉപയോഗവും വിൽപനയും മറ്റ് ക്രിമിനൽ പ്രവർത്തികളും നടത്തിവന്നിരുന്നവരെയാണ് പിടികൂടിയത്.
മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാജിയുടെ മകൻ ഷാനു (19) –ന്റെ പക്കൽനിന്നും 30 ഗ്രാം കഞ്ചാവും, മണ്ണഞ്ചേരിയിൽ ഐ ടി സി കോളനിയിൽ പുതുവൽ വേളി വീട്ടിൽ സുധീറിന്റെ മകൻ അബ്രാർ(18) – ന്റെ പക്കൽനിന്നും 33.5 ഗ്രാം കഞ്ചാവും,പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വിമൽകുമാറിന്റെ മകൻ അതുൽ(18)-ന്റെ പക്കൽനിന്നും 28.5 ഗ്രാം കഞ്ചാവും, 1.4 ഗ്രാം ഹാഷിഷ് ഓയിലും, മണ്ണഞ്ചേരി കാട്ടുങ്കൽ വേളി അനിയുടെ മകൻ വിഷ്ണു (18) –ന്റെ പക്കൽനിന്നും 29 ഗ്രാം കഞ്ചാവും, അത് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പൗച്ച് എന്നിവയും ആലപ്പുഴ കെ 9 സ്ക്വാഡിലെ നർക്കോട്ടിക് സ്നിഫർ നായ ആയ ലിസിയുടെ സഹായത്താൽ കണ്ടെടുത്തു.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ മോഹിത് സബ് ഇൻസ്പെക്ടർ കെ ആർ ബിജു ഡോഗിന്റെ പരിശീലകർ ആയ മനേഷ് കെ ദാസ് ധനേഷ് പി കെ കൂടാതെ സിപിഒ മാരായ ഉല്ലാസ്, തോമസ് ആന്റണി , മിഥുൻ, കൃഷ്ണമൂർത്തി, ആന്റണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മൊത്ത വിതരണക്കാരെ പിടികൂടാനുള്ള പോലീസ് പരിശോധനയും. അന്വേഷണവും ശക്തമാക്കിട്ടുണ്ടന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് ഐപിഎസ് അറിയിച്ചു.