മുംബൈ: 52 വയസുകാരനായ വ്യവസായി മുംബൈയിലെ അടൽ സേതുവിന് മുകളിൽ നിന്ന് താഴേക്ക് ചാടി. കാറോടിച്ച് പാലത്തിന് മുകളിലെത്തിയ അദ്ദേഹം വാഹനം നിർത്തി പുറത്തിറങ്ങിയ ശേഷം കടലിലേക്ക് ചാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം. മൂന്ന് ദിവസം മുമ്പാണ് ഒരു പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥൻ ഇതുപോലെ അടൽ സേതുവിൽ നിന്ന് ചാടി മരിച്ചത്.
സെൻട്രൽ മുംബൈയിലെ മാതുംഗയിൽ താമസിക്കുന്ന ഫിലിപ്പ് ഷാ എന്ന വ്യവസായിയാണ് ബുധനാഴ്ച തന്റെ സെഡാൻ കാറിൽ അടൽ സേതു പാലത്തിലെത്തിയത്. കാർ നിർത്തിയ ശേഷം പുറത്തിറങ്ങുകയായിരുന്നു. അടൽ സേതുവിലെ സിസിടിവി കൺട്രോൾ റൂമിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ക്യാമറകളിലൂടെ ഇത് കണ്ടയുടൻ തന്നെ സുരക്ഷാ സേനയെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിച്ചു.
വ്യവസായി പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ സ്ഥലത്ത് പരിശോധന നടത്തി. ഇയാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കാറിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡ് പരിശോധിച്ചാണ് വ്യവസായിയുടെ വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.