തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ പുതിയ സ്റ്റേഷൻ കമാന്‍ഡറായി ബ്രിഗേഡിയർ ലളിത് ശർമ്മ, എസ്സി, എസ്എം ചുമതലയേറ്റു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇന്ത്യൻ ആർമി സൈനികർ നിർണായക പങ്കുവഹിച്ച മലബാർ സഹയോഗ് എന്ന ഓപ്പറേഷനിടയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
ശൗര്യ ചക്ര, സേനാ മെഡൽ എന്നീ ഗാലൻഡ്രി അവാർഡുകളും, ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ്, ജിഒസി-ഇൻ-സി വെസ്റ്റേൺ കമാൻഡ് കമൻഡേഷൻ കാർഡ്, പരാക്രം പദക് എന്നിങ്ങനെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കര സേനയുടെ 3 ഗ്രനേഡിയറിൽ കമ്മീഷൻ ചെയ്ത അദ്ദേഹം പിന്നീട് അതെ സേനാ വിഭാഗത്തിന്റെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
എച്ച്ആർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ഇൻസ്ട്രക്ടർ, സ്റ്റാഫ് നിയമനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ലോകകപ്പുകളിലും റിയോ ഒളിംപിക്സിലും ഇന്ത്യൻ ആർമി ഷൂട്ടിംഗ് ടീമിന്റെ മികച്ച നിർവഹണ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കായിക ഷൂട്ടിംഗ് വിഭാഗത്തിൽ അന്താരാഷ്ട്ര അംഗീകൃത ജൂറി കൂടിയാണ്.