കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷന്റെ വാദം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതെന്ന് കോർപ്പറേഷൻ അഭിഭാഷകൻ. തന്നെ ഒന്നും പറയാൻ അനുവദിച്ചില്ല. സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് കുറച്ച് മിനിറ്റ് മാത്രമേ വാദിക്കാൻ കഴിഞ്ഞുള്ളൂ. മറുപടി നൽകാൻ അവസരം നൽകുമെന്ന് പറഞ്ഞെങ്കിലും അത് പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്ന് അഭിഭാഷകൻ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ മാർച്ച് ആറിന് സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും നോട്ടീസ് അയച്ചിരുന്നു. 17ന് കേസ് പരിഗണിച്ചപ്പോൾ കോർപ്പറേഷനു വേണ്ടി അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹാജരായത്. എന്നാൽ ഒരു വാദവും ഉന്നയിക്കാൻ ട്രൈബ്യൂണൽ അനുവദിച്ചില്ലെന്ന് ജെയിംസ് പി തോമസ് പറഞ്ഞു. സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജഗന്ത് മുത്തുരാജിന് വാദിക്കാൻ മൂന്ന് മിനിറ്റ് മാത്രമാണ് അനുവദിച്ചത്.
വിശദമായ മറുപടി സത്യവാങ്മൂലമായി സമർപ്പിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഇത് പാലിക്കാതെയാണ് ഉത്തരവ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതെന്നും അഭിഭാഷകൻ പറഞ്ഞു. ഉത്തരവിനെതിരെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഹർജി നൽകിയാൽ ട്രൈബ്യൂണലിന്റെ നടപടിയായിരിക്കും പ്രധാന വാദം.