പള്ളിക്കത്തോട്ടില്‍ പത്തോളം തോക്കുകളും വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍. കോട്ടയത്തെ ബിജെപിയുടെ പ്രാദേശിക നേതാവയ വിജയന്റെ വീട്ടില്‍ നിന്നാണ് പത്ത് തോക്കുകള്‍ കണ്ടെടുത്തത്. ഇയാളെ ഇന്നലെ രാത്രി പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് നാല് പേരുടെ പങ്ക് ബോധ്യപ്പെട്ടത്.
ആനിക്കാട് രാജന്, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്കുമാര്‍, കൊമ്പിലാക്കല്‍ ബിനേഷ്കുമാര്‍, രതീഷ് ചന്ദ്രന് എന്നിവരാണ് പിടിയിലായവര്‍. പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുമ്പും അറസ്റ്റിലായവരാണ്. ഇവരില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, പല തരം തോക്കുകളുടെ മോഡലുകള്‍, വ്യാജ വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു.