തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പുറത്തുള്ള സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാത്തതിൽ ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറി രൂക്ഷവിമർശനം ഉന്നയിച്ചത്. പഞ്ചിംഗ് നടപ്പാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും പഞ്ചിംഗ് നടപ്പാക്കാത്ത ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ജനുവരി ഒന്നിന് മുമ്പ് കളക്ടറേറ്റ്, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ നടപ്പാക്കണമെന്നും ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മറ്റെല്ലാ ഓഫീസുകളിലും മാർച്ച് 31ന് മുമ്പ് ഈ സംവിധാനം നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ കളക്ടറേറ്റുകളിലും പഞ്ചിംഗ് നടപ്പാക്കിയെങ്കിലും മറ്റ് ഓഫീസുകളിൽ നടപടികൾ ഇഴഞ്ഞുനീങ്ങി. ചീഫ് സെക്രട്ടറി നൽകിയ സമയപരിധി അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും പഞ്ചിംഗ് നടപ്പാക്കിയില്ല. 665 ഓഫീസുകൾ മാത്രമാണ് പഞ്ചിംഗ് നടപ്പാക്കി സ്പാർക്കുമായി ബന്ധിപ്പിച്ചത്. ഓരോ വകുപ്പ് മേധാവികളുടെയും ഓഫീസുകളിൽ പഞ്ചിംഗ് നടത്താൻ ഒരു നോഡൽ ഓഫീസറെ നിയമിച്ചു. ഈ ഉദ്യോഗസ്ഥൻ വഴിയാണ് പഞ്ചിംഗ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കേണ്ടി ഇരുന്നത്. ചില സ്ഥാപനങ്ങൾ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചില്ലെന്നും സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി.