
മനാമ: ബഹ്റൈനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ-താമസ നിയമലംഘകരെയും കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പരിശോധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 324 നിയമലംഘക പ്രവാസികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. അതോറിറ്റിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം മേയ് മാസത്തിൽ 3,879 പരിശോധന സന്ദർശനങ്ങളും 124 സംയുക്ത പരിശോധനാ കാമ്പെയ്നുകളും നടന്നു. ഇതിന്റെ ഭാഗമായി 129 നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടുകയും ചെയ്തു.

ക്യാപിറ്റൽ, മുഹറഖ്, നോർതേൺ, സൗതേൺ ഗവർണറേറ്റുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധനകൾ. ക്യാപിറ്റൽ ഗവർണറേറ്റിലായിരുന്നു ഏറ്റവും കൂടുതൽ സംയുക്ത പരിശോധനകൾ നടന്നത്. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ വിഭാഗം, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.
തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്ന നിയമലംഘനങ്ങൾക്കും അനധികൃത തൊഴിൽ പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനാ പ്രവർത്തനങ്ങൾ വരും മാസങ്ങളിലും കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
അനധികൃത തൊഴിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ എൽ.എം.ആർ.എയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.


