മനാമ: ആറാമത് ബഹ്റൈൻ സ്മാർട്ട് സിറ്റി ഉച്ചകോടിക്ക് സമാപനമായി. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് ഉച്ചകോടിയിൽ പങ്കെടുത്തു. ബഹ്റൈനിലെ സർക്കാർ, സ്വകാര്യ ഏജൻസികളുടെയും സാങ്കേതികവിദ്യ, സുസ്ഥിരത, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലെ അന്താരാഷ്ട്ര വിദഗ്ധ കമ്പനികളുടെയും പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷ്യം വഹിച്ചു.
പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, എഞ്ചിനീയർമാർ, കൺസൾട്ടന്റുകൾ, സാങ്കേതികവിദ്യ, സുസ്ഥിരത, സ്മാർട്ട് സിറ്റികൾ, എഞ്ചിനീയറിംഗ് മേഖലകളിലെ വിദഗ്ധർ എന്നിവരുൾപ്പെടെ 250 പ്രാദേശിക, അന്തർദേശീയ പങ്കാളികൾ ഉച്ചകോടിയിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 10 ചർച്ചാ സെഷനുകളിലും 20 ലധികം വർക്കിംഗ് പേപ്പറുകളിലുമായി 40 പ്രാസംഗികരും വിദഗ്ധരും പങ്കെടുത്തു. സ്മാർട്ട് സിറ്റി സൊല്യൂഷനുകൾ, ഭാവി സാങ്കേതികവിദ്യ, സ്മാർട്ട് ബിൽഡിംഗുകൾ, ഡിജിറ്റൽ ട്വിനിംഗ്, മികച്ചതും സുസ്ഥിരവുമായ കാർഷിക സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ പാനൽ സെഷനുകൾ ചർച്ച ചെയ്തു.
സ്മാർട്ട് സിറ്റികളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾക്ക് പുറമെ സ്മാർട്ട് സിറ്റികളിലെ സർക്കാർ ഏജൻസികളുടെ സംരംഭങ്ങളുടെ അവതരണവും ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രദർശനത്തിൽ ഇരുപതോളം പ്രാദേശിക, അന്തർദേശീയ പ്രദർശകർ സാങ്കേതിക പരിഹാരങ്ങൾ, പുനരുപയോഗ ഊർജം, സ്മാർട്ട് ഹോം എന്നിവ പ്രദർശിപ്പിച്ചു.