മനാമ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും തമ്മിൽ 2024-2029 കാലയളവിലെ റീജനൽ പ്രോഗ്രാം ചട്ടക്കൂടിന്റെ പുതുക്കിയ കരാറിൽ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ നിയമ-മനുഷ്യാവകാശകാര്യ ഡയറക്ടർ ഡോ. യൂസുഫ് അബ്ദുൽ കരീം ബുച്ചീരിയും ആണവോർജ ഏജൻസി അസി. ഡയറക്ടറും സാങ്കേതികസഹായ വിഭാഗം ഹെഡുമായ ഹവാലിയെയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ ദിവസം വിയനയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി ജനറൽ ബോഡി യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ബഹ്റൈനിലെ നിലവിലുള്ള സ്ഥിതിഗതികളുടെ വിശകലനം അടിസ്ഥാനമാക്കി ഭാവിയിൽ സാധ്യമായ പദ്ധതികൾക്കുള്ള അവസരം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപ്പുവെക്കൽ ചടങ്ങിനുശേഷം ഡോ. യൂസുഫ് അബ്ദുൽ കരീം ബുച്ചീരി വ്യക്തമാക്കി. ചടങ്ങിൽ ബഹ്റൈനിൽനിന്നും ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയ പ്രതിനിധി സംഘാംഗങ്ങൾ സംബന്ധിച്ചു.