മനാമ: ബഹ്റൈന്റെ നാലാമത് ദേശീയ കായിക ദിനാചരണം നിരവധി പരിപാടികളോടെ വിപുലമായ രീതിയിൽ നടന്നു. രാജ്യത്തെ സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, പൊതു സ്വകാര്യ സ്കൂളുകൾ, സ്പോർട്സ് അസോസിയേഷനുകൾ, യുവജന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കമ്പനികളും സ്ഥാപനങ്ങളും കായിക ദിനാചരണ പരിപാടികളിൽ പങ്കാളികളായി. ഇസടൗണിലെ സ്പോർട്സ് വില്ലേജിൽ നടന്ന ബഹറിൻ കായികദിന പരിപാടികളിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് പ്രസിഡന്റും ബഹറിൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ”ഗെറ്റ് സെറ്റ് ഗോ” എന്ന പ്രമേയത്തിലാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിച്ചത്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേർ സ്പോർട്സ് സിറ്റിയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കായിക പരിപാടികളിൽ എല്ലാവർക്കും പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി സർക്കാർ പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിരുന്നു. ആരോഗ്യകരമായ ജീവിതത്തിന് കായികക്ഷമതയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടികൾ. രാജ്യത്തിനായി ഒരു ദേശീയ കായിക ദിനം നിശ്ചയിക്കുന്നതിലുടെ ദൈനംദിനചര്യകൾ തകർക്കാനുള്ള ഒരു യഥാർത്ഥ അവസരത്തെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ കായിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.