മനാമ: ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് എന്ന പേരിൽ സംഗീത നിശ സംഘടിപ്പിച്ചു. സബർമതി പ്രസിഡണ്ട് സാം സാമുവലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ ബഹറിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ബഹറിനിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഈ വർഷത്തെ പുരസ്കാരം സലാം മമ്പാട്ടുമൂലക്ക് നൽകി ആദരിച്ചു. ജോയ് ജോസഫ്, സേതുരാജ് കടയ്ക്കൽ, കെസ്റ്റർ ആന്റണി എന്നവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാബു സക്കറിയ, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി ജോൺ , സോമൻ ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്തീയ ഭക്തി ഗാനരംഗത്തെ പ്രശസ്തനായ കെസ്റ്റർ ആന്റണിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി.
ആലപ്പുഴയിലെ തകഴിയിലെ ഒരു നിർധന കുടുംബത്തിന് വീടുവയ്ക്കാൻ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബഹറിനിൽ ആദ്യമായി എത്തിയ കെസ്റ്റർ ആന്റണിയുടെ സംഗീത നിശ കാണികൾക്കു വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
Photo By : Sanuraj