മനാമ: രണ്ടാമത് അന്താരാഷ്ട്ര സൈബർ സുരക്ഷ സമ്മേളനത്തിനും പ്രദർശനത്തിനും ബഹ്റൈൻ ആതിഥ്യം വഹിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ അഞ്ച്, ആറ് തീയതികളിൽ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് സമ്മേളനം നടക്കുക.
രാജ്യസുരക്ഷയിൽ സുപ്രധാനമായ ഒന്നാണ് സൈബർ സുരക്ഷയെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഐ.ടി മേഖലയിലെ സുരക്ഷ ഇന്ന് വിവിധ തരം വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു സമ്മേളനത്തിന് കാലിക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സൈബർ സുരക്ഷക്കായി വിവിധ പദ്ധതികൾ തയാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അത് വിവിധ രാജ്യങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താൻ ഇത്തരം സമ്മേളനങ്ങൾ വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും പ്രധാന കണ്ടുപിടുത്തങ്ങളെക്കുറിച്ചും അവബോധം വളർത്താനും ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സൈബർ സുരക്ഷ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷാ മേഖലയിൽ അവരുടെ അനുഭവങ്ങളും അറിവുകളും പഠിക്കാനും ആശയവിനിമയം നടത്താനും പങ്കിടാനും അവസരമൊരുക്കുന്നു.