മനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ 5 വ്യാഴാഴ്ച തുടക്കമാകും. ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മിയുടെ മേൽനോട്ടത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. “സെലിബ്രേറ്റിംഗ് ദി ആർട്ട് ഓഫ് ഫിലിം മേക്കിംഗ്” എന്ന പ്രമേയത്തിന് കീഴിൽ ബഹ്റൈൻ സിനിമാ ക്ലബ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബിയോൺ, നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ നടക്കുക.
രാജ്യത്തെ യുവപ്രതിഭകൾക്ക് അംഗീകാരം നൽകുക, ചലച്ചിത്രമേളകളുടെ ലോകഭൂപടത്തിൽ രാജ്യത്തിന് സ്ഥാനം നേടിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ അസാധാരണമായ സിനിമാറ്റോഗ്രാഫിക് ഇവന്റായാണ് മേളയുടെ മൂന്നാം പതിപ്പ് അവതരിപ്പിക്കുന്നതെന്ന് വാർത്ത വിതരണ മന്ത്രി പറഞ്ഞു. സാംസ്കാരിക വിനിമയത്തിന് സിനിമകൾക്ക് വലിയ പങ്കുണ്ട്. വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കലാപരമായ കൈമാറ്റവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിൽ ഫിലിം ഫെസ്റ്റിവലുകൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. 2000ത്തിൽ അറേബ്യൻ ഗൾഫ് മേഖലയിൽ ആദ്യമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ബഹ്റൈനാണ്. അന്ന് നടന്ന അറബ് ഫിലിം ഫെസ്റ്റിവൽ ഗൾഫ് മേഖലയിൽ സമാനമായ മേളകൾ നടത്താൻ വഴിയൊരുക്കി. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന് അനുസൃതമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തിന്റെ വിജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും രാജ്യത്തുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം, സ്വത്വം, ചരിത്ര പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണം. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അറിവുകൾ കൂടുതൽ നേടാൻ ഫെസ്റ്റിവൽ സഹായകമാകും.
ശിൽപശാലകളും പഠന ക്ലാസുകളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലക്കും സിനിമ വ്യവസായത്തിന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും. ജി.സി.സി രാജ്യങ്ങളിലെയും അറബ് ലോകത്തെയും സിനിമ താരങ്ങളുടെ സാന്നിധ്യത്തിൽ സിനിമ പ്രദർശനങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവൽ ഒക്ടോബർ 9 വരെ നീണ്ടുനിൽക്കും.