മനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് തിരശീല വീണു. സംഘാടക സമിതിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് 250,000 സന്ദർശകരെയാണ് ആകർഷിച്ചത്. 20 ഓളം കാർഷിക കുടുംബങ്ങൾക്ക് പുറമെ 32 കർഷകർ, നാല് കാർഷിക കമ്പനികൾ, അഞ്ച് നഴ്സറികൾ, നാല് എപ്പിയറികൾ, ഈന്തപ്പന കൃഷിയിൽ വിദഗ്ധരായവർ എന്നിവർ കാർഷിക മേളയുടെ ഭാഗമായി. കുട്ടികൾക്കായി സജീകരിച്ച മൂൺ കിഡ്സ് വില്ലേജ് 15,000-ത്തിലധികം കുട്ടികളെ ആകർഷിച്ചു.
ബഹ്റൈൻ കർഷകരെ പിന്തുണച്ചുകൊണ്ടും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ആധുനിക സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് രാജ്യം കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന് കൃഷി, മുനിസിപ്പാലിറ്റി കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയവും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റും (എൻഐഎഡി) തമ്മിലുള്ള പങ്കാളിത്തം കഴിഞ്ഞ വർഷങ്ങളിലും വിപണി വികസിപ്പിക്കുന്നതിൽ മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്.