
ന്യൂയോര്‍ക്ക്: ബഹ്റൈനെതിരെ ഇറാന് നടത്തിയ ശത്രുതാപരവും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു.
ഇറാനിയന്‍ ആക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം യു.എന്‍. സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച പതിനൊന്നാമത്തെ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
ബഹ്റൈനെതിരെ നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും എല്ലാ ഇരകള്‍ക്കും പൂര്‍ണ്ണവും ഫലപ്രദവും ഉടനടിയുള്ളതുമായ നഷ്ടപരിഹാരം ഇറാന് നല്‍കണം. ഈ നിയമവിരുദ്ധ ആക്രമണങ്ങളുടെ ഫലമായുണ്ടായ എല്ലാ നാശനഷ്ടങ്ങളും ബഹ്റൈന്റെ ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.


