മനാമ: ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിന് ഇന്ന് തുടക്കമാകും. 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിൽ 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തി.
B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. 2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും. എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ് പ്ലേയിൽ ഉണ്ടാകും.16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ airshow.bh.സന്ദർശിക്കുക.