
മനാമ: ജമ്മു- കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ സായുധ ഭീകരാക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും ഇന്ത്യന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും എല്ലാ മതപരവും ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ ലംഘിക്കാനും ലക്ഷ്യമിട്ടുള്ള അക്രമ, ഭീകരവാദ കുറ്റകൃത്യങ്ങളെ തള്ളിക്കളയുന്നതില്‍ ബഹ്റൈന്‍ ഉറച്ച നിലപാടാണുള്ളതെന്ന് മന്ത്രാലയം പറഞ്ഞു.
