തിരുവനന്തപുരം: ഇടത് യൂണിയനുകളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ബി.അശോകിനെ കെ.എസ്.ഇ.ബി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റം. രാജന് എന്‍.ഖോബ്രഗഡെയാണ് പുതിയ കെ.എസ്.ഇ.ബി ചെയര്മാന്. കെ.എസ്.ഇ.ബി ആസ്ഥാന മന്ദിരത്തിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏല്‍പ്പിച്ചതിലും സമരം ചെയ്ത ഇടത് യൂണിയന് നേതാക്കളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതും ഇടത് സംഘടനാ നേതാവിന്റെ കാര്‍ ഉപയോഗത്തിന് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയതുമെല്ലാം അശോകും യൂണിയനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിരുന്നു.

വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി അശോകിനെ പിന്തുണച്ചിരുന്നെങ്കിലും മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അശോകിന് എതിരായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനമാറ്റം. കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജന് ഖോബ്രഗഡെയെ അടുത്തിടെ ജലസേചനവകുപ്പിലേക്ക് മാറ്റിയിരുന്നു. അവിടെ അദേഹം അവധിയെടുത്തതിന് പിന്നാലെയാണ് പുതിയ പദവി നല്‍കുന്നത്.
