പുനലൂർ: പുനലൂരിൽ എ.ടി.എം. കൗണ്ടർ തകർത്ത് മോഷണശ്രമം. ധനലക്ഷ്മി ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലാണ് ശനിയാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്.ആദ്യം എ.ടി.എം. കൗണ്ടറിൽ കയറിയ യുവാവ് പുറത്തേക്ക് പോയിരുന്നു. പിന്നീടാണ് സ്ക്രൂഡ്രൈവർ അടക്കമുള്ള ആയുധങ്ങളുമായെത്തി എ.ടി.എം. കൗണ്ടർ തകർത്തത്. എ.ടി.എമ്മിന്റെ താഴെയുള്ള ഭാഗമാണ് ആയുധങ്ങൾ ഉപയോഗിച്ച് തകർത്തത്. അതേസമയം, എ.ടി.എമ്മിൽനിന്ന് പണം നഷ്ടമായോ എന്നതിൽ വ്യക്തതയില്ല.ശനിയാഴ്ച രാവിലെ പണമെടുക്കാനെത്തിയ മറ്റൊരാളാണ് എ.ടി.എം. തകർന്നുകിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഡോഗ് സ്ക്വാഡും ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച പുലർച്ചെ സമീപത്തെ ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽനിന്ന് പണം കവരാനും ശ്രമം നടന്നിട്ടുണ്ട്. രണ്ടുസംഭവങ്ങൾക്ക് പിന്നിലും ഒരാളാണെന്നാണ് പോലീസിന്റെ സംശയം.