മനാമ: രണ്ടാമത് അറബ് സൈബർ സുരക്ഷ സമ്മേളനത്തിന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനവും എക്സിബിഷനും നടക്കുന്നത്. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിലും എക്സിബിഷനിലും വിവിധ അറബ് രാജ്യങ്ങളിൽനിന്നുളള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. സൈബർ സുരക്ഷ മേഖലയിൽ അറബ് രാജ്യങ്ങളിലുണ്ടായ പുരോഗതിയും വളർച്ചയും വിലയിരുത്തുന്ന സമ്മേളനമാണിത്. സാങ്കേതികവിദ്യയിൽ വർധിച്ചുവരുന്ന ആശ്രയവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന സൈബർ ഭീഷണികളും കണക്കിലെടുത്ത്, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സൈബർ സുരക്ഷ മേഖലയിലെ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ സമ്മേളനം ചർച്ച ചെയ്യും.
വിദഗ്ധർ, പ്രഫഷനലുകൾ, നയരൂപകർത്താക്കൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവന്ന് സത്വര ഇടപെടലാണ് സമ്മേളനം ലക്ഷ്യമിടുന്നത്. അറബ് മേഖലയിലുടനീളം വിജ്ഞാന കൈമാറ്റം, സഹകരണം മെച്ചപ്പെടുത്തൽ, സൈബർ സുരക്ഷ അവബോധം, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വർക്ക്ഷോപ്പുകൾ, സൈബർ സുരക്ഷയിലെ ഏറ്റവും പുതിയ ട്രെൻഡുകളും സംഭവവികാസങ്ങളും പ്രദർശിപ്പിക്കുന്ന എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും സമ്മേളനത്തിന് ബഹ്റൈൻ തന്നെ വേദിയായത് നേട്ടമാണെന്ന് സംഘാടകർ വിലയിരുത്തി.
വിദഗ്ധർ, പ്രഫഷനലുകൾ, നയരൂപകർത്താക്കൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവന്ന് സത്വര ഇടപെടലാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന ആഗോള എക്സിബിറ്റർമാർ അവരുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യവും, നൂതനമായ പരിഹാരങ്ങളും സാങ്കേതികവിദ്യകളും പങ്കുവെക്കും. സൈബർ സുരക്ഷ ശക്തമാക്കുന്നതിന് പുതിയ മാർഗങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും സൈബർ സുരക്ഷാ സഹകരണവും സൈബർസ്പേസ് സുരക്ഷാ സംരക്ഷണ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവബോധവും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ആഗോള പ്ലാറ്റ്ഫോമാണ് ഇവന്റ് പ്രതിനിധീകരിക്കുന്നത്.