ന്യൂഡല്‍ഹി: എസ്.എൻ. കോളേജുകളിലെ 60 അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എന്നാൽ അധ്യാപക നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിക്കാരിയായ അനു ജയപാലിനു നിയമനം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
ഭിന്നശേഷിക്കാർക്കുള്ള 4 % സംവരണം നടപ്പാക്കിയില്ലെന്നാരോപിച്ച് അനു ജയപാൽ നൽകിയ ഹർജിയിലാണ് 60 അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ എസ്.എൻ. മാനേജ്മെന്റും നിയമനം റദ്ദാക്കപ്പെട്ട അധ്യാപകരും നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന കാരണത്താൽ നിയമനം റദ്ദാക്കിയെങ്കിലും ഹർജിക്കാരിയായ അനു ജയപാലിനെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നില്ല. ഇതിനെതിരെ അനു സുപ്രീം കോടതിയിൽ ഹർജിയും നൽകിയിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി അനുവിന് 2021 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജോലി നൽകാൻ ഉത്തരവിട്ടു. അതേസമയം, മുൻകാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.