തിരുവനന്തപുരം: കെ.ടി.യു വൈസ് ചാന്‍സലർ നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി.യു വി സിയുടെ താൽക്കാലിക ചുമതല സർക്കാരിന് താൽപ്പര്യമുള്ള ഒരാൾക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്തയച്ചു. ഡിജിറ്റൽ വി.സി സജി ഗോപിനാഥിനോ സർക്കാരിന് താൽപ്പര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്ന് രാജ്ഭവൻ അറിയിച്ചു.
ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായ തിരിച്ചടികൾ ഉണ്ടാകുന്നതിനിടെയാണ് ഗവർണറുടെ തീരുമാനം. കെ.ടി.യു വി.സി നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ വലിയ തർക്കമായിരുന്നു നടന്നത്.
ഡിജിറ്റൽ വി.സി സജി ഗോപിനാഥ് ഉൾപ്പടെ സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. കേരള സർവകലാശാലയിലെ 15 അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.