കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.
ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില് ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിന്
കേസുമായി ബന്ധപ്പെട്ട് കൂടുതൽരേഖകൾ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി തന്നെ പ്രതി ചേർത്ത റിപ്പോർട്ട് ആവശ്യപ്പെട്ട് സുധാകരൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം.
ബുധനാഴ്ച കളമശ്ശേരി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. മോൻസനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി യൂണിറ്റിലെ ഡിവൈ.എസ്.പി. വൈ.ആർ. റുസ്റ്റം ആണ് സുധാകരന് നോട്ടീസ് അയച്ചത്.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോൻ, തൃശ്ശൂർ സ്വദേശി അനൂപ് അഹമ്മദ് എന്നിവർ നൽകിയ പരാതിയിലാണ് മോൻസനെ 2021 സെപ്റ്റംബർ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
25 ലക്ഷം രൂപ മോൻസന് കൈമാറുമ്പോൾ കെ. സുധാകരൻ എം.പി. മോൻസന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. മോൻസൻ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോൻസനുമായി തെറ്റിയശേഷം അദ്ദേഹത്തിന്റെ ഡ്രൈവർ അജിത്ത്, ജീവനക്കാരായ ജെയ്സൺ, ജോഷി എന്നിവർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. പരാതിക്കാർ നൽകിയ പണത്തിൽനിന്നുള്ളതാണ് ഇതെന്നാണ് ആരോപണം.
എം.പി.യെന്ന നിലയിൽ പബ്ലിക് ഫിനാൻസ് കമ്മിറ്റിയിൽ കെ. സുധാകരൻ അംഗമായിരുന്നുവെന്നും ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന തന്റെ 2.65 ലക്ഷം കോടി രൂപ കിട്ടാൻ ഇടപെടാമെന്ന് സുധാകരൻ പറഞ്ഞതായി മോൻസൻ വെളിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മോൻസനൊപ്പമുള്ള സുധാകരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മോൻസനെ ആറോ ഏഴോ തവണ കണ്ടിട്ടുണ്ടെന്നും ത്വക്കിന് ചെറിയ അസുഖം വന്നപ്പോൾ ചികിത്സയ്ക്കായാണ് വീട്ടിൽ പോയതെന്നുമാണ് സുധാകരൻ അന്ന് പറഞ്ഞത്. മോൻസനുമായി ചർച്ചനടത്തിയെന്നും പണം വാങ്ങിയെന്നും പറയുന്നദിവസം കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കുകയാണെന്ന വാദവും സുധാകരൻ ഉയർത്തി. 2018-ൽ താൻ എം.പി.യല്ലെന്നും അതുകൊണ്ടുതന്നെ പാർലമെന്ററി കമ്മിറ്റിയിൽ അംഗമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർനടപടികളുണ്ടാകാത്തതിനാൽ പരാതിക്കാരിലൊരാളായ യാക്കൂബ് ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.