തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോട്ടൽ. അതിനാൽ തുടർനടപടികൾക്കായി കേസ് തൃശൂരിലേക്ക് കൈമാറിയേക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കൾ കാശടിച്ചു മാറ്റി തടിച്ചു കൊഴുത്തു പൂതനകളായെന്നാണ് സുരേന്ദ്രൻ പരാമർശിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു.