മനാമ: ബഹ്റൈനിൽ വാർഷിക ചെമ്മീൻ നിരോധനം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ ആറുമാസക്കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ ആണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ചെമ്മീൻ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ ചെമ്മീൻ പിടിക്കുകയോ വ്യാപാരം നടത്തുകയോ വിൽക്കുകയോ ചെയ്യുന്നതിന് അനുവാദമില്ല. നിരോധന കാലയളവിൽ വല, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചും നിർദ്ദിഷ്ട പ്രദേശങ്ങളിൽ ബോർഡ് ബോട്ടുകളിൽ ചെമ്മീൻ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിപണനത്തിനോ വിൽപ്പനയ്ക്കോ വേണ്ടി മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ചെമ്മീൻ പ്രദർശിപ്പിക്കാനും പാടില്ല.
വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ചെമ്മീൻ പ്രജനന, വളർച്ച കാലമായതിനാലാണ് ആറു മാസം ഇവ പിടിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും വിലക്കുള്ളത്. ബഹ്റൈനിലെ ചെമ്മീൻ വ്യവസായത്തിന്റെ വികസനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സഹായകമാകുന്ന വിധത്തിൽ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.