ലണ്ടൻ:നോട്ടിംഗ്ഹാമിൽ അക്രമിയുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീമിൽ അംഗമായിരുന്ന ഗ്രെയ്സ് ഒ മലേയ് കുമാർ (19) ആണ് കൊല്ലപ്പെട്ടത്.നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഗ്രെയ്സ് രാവിലെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകവെയായിരുന്നു ആക്രമണമുണ്ടായത്. മാരകമായി കുത്തേറ്റ് ഗ്രെയ്സ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കുത്തേറ്റ് അറുപത്തഞ്ചുകാരനായ സ്കൂൾ ജീവനക്കാരനും മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കക്കാരനായ മുപ്പത്തൊന്നുകാരനാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഉടൻതന്നെ അറസ്റ്റുചെയ്തു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സ്കൂൾ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം അയാളുടെ വാനുമായി കടന്നുകളയാനും പ്രതി ശ്രമിച്ചു. ഈ വാൻ ഇടിച്ച് മൂന്ന് കാൽനടക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ലണ്ടനിൽ രണ്ട് പതിറ്റാണ്ടായി ജോലിനാേക്കുന്ന ഡാേ. സഞ്ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്സ്. 2009ൽ മൂന്ന് ആഫ്രോ-കരീബിയൻ കൗമാരക്കാരെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച സഞ്ജോയ്ക്ക് ഓർഡർ ഒഫ് ബ്രിട്ടീഷ് എംപയർ ബഹുമതി ലഭിച്ചിട്ടുണ്ട്. പിതാവിന്റെ പാത പിന്തുടർന്നാണ് ഗ്രെയ്സ് മെഡിസിൻ പഠിക്കാനെത്തിയത്. മാതാവ്: സിനെഡ്.സഹോദരൻ: ജയിംസ്. പാകിസ്ഥാനിലെ മുൻ അന്താരാഷ്ട്ര ഹോക്കി താരം അദ്നാൻ സക്കീർ ഉൾപ്പെടെ നിരവധിപേർ ഗ്രെയ്സിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിനി കൊന്തം തേജസ്വിനിയും ( 27 ) ലണ്ടനിലെ വെംബ്ലിയിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തിയ തേജസ്വിനിയെ ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ബ്രസീലുകാരനാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഫ്ലാറ്റിലെ താമസക്കാരിയായ 28കാരിക്കും കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.