കൊച്ചി: ബലാത്സംഗകേസിൽ ആരോപണവിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്നും വിശദീകരണം തേടി അഭിനേതാക്കളുടെ സംഘടന അമ്മ. വിഷയം ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് നേതൃത്വം നാളെ യോഗം ചേർന്നേക്കും.വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ് ഊർജിത ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് താരസംഘടനയും നിലപാട് കടുപ്പിക്കുന്നത്. തുടർ നടപടികളെ കുറിച്ചും അവർ നിയമോപദേശവും തേടിയിട്ടുണ്ട്.
ശ്വേത മേനോൻ നയിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻ കുട്ടി, ഇടവേള ബേബു, അഡ്വ. അനഖ എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ. നിലവിൽ അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. താരത്തെ സംഘടനാപദവിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് സൂചന.
അതേസമയം, വിജയ് ബാബുവിനെതിരെ കൂടുതല്‍ പരാതി വരാനുള്ള സാദ്ധ്യതയുണ്ടെന്നും നിലവിലെ കേസിലെ അന്വേഷണത്തിന് അത് സഹായിക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. പരാതി കിട്ടിയ 22ന് രാത്രി തന്നെ എഫ് ഐ ആർ ഇട്ടു. 24ന് വിജയ് ബാബു രാജ്യം വിട്ടു. ഹാജരാകണമെന്നാവശ്യപ്പെട്ട് നടന്റെ വീട്ടിൽ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.