കണ്ണൂര്: വൈദേകം റിസോർട്ടിനെതിരായ അന്വേഷണത്തിൽ വിദഗ്ധ സംഘത്തെ നിയോഗിക്കാൻ സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. സാങ്കേതിക വശങ്ങളിൽ വ്യക്തത വരുത്താൻ ലക്ഷ്യമിട്ടാണ് വിദഗ്ധ സംഘം രൂപീകരിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആന്തൂർ നഗരസഭയിലും വൈദേകം റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. റിസോർട്ടിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്.
കെട്ടിട നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ വിലയിരുത്താൻ വിദഗ്ധോപദേശം ആവശ്യമാണ്. ഇതിനായാണ് വിദഗ്ധ സംഘത്തെ നിയോഗിക്കാൻ ഒരുങ്ങുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തും. ഇതിനായി വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും വിജിലൻസ് കണ്ണൂർ യൂണിറ്റ് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ വിദഗ്ധ സംഘത്തെ നിയോഗിക്കും. ഈ സംഘവുമായി റിസോർട്ടിൽ വീണ്ടും പരിശോധന നടത്താനാണ് വിജിലൻസ് ആലോചിക്കുന്നത്. ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ മാത്രമേ കേസെടുക്കണമോയെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ.