കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത്, സ്വർണം ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവച്ചു.അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ല.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇ ഡിയുടെയും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്.സമാനമായ ഹർജികളിൽ ഡിവിഷൻ ബെഞ്ച് തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. പൊതുതാത്പര്യമുള്ള വിഷയമല്ല ഹർജിക്കാരൻ ഉന്നയിച്ചതെന്ന് കോടതിയ്ക്ക് അഭിപ്രായമില്ല. എന്നാൽ കോടതി നേരത്തെ തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധമുള്ള പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയില്ല.
ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ കോടതിയ്ക്ക് തൃപ്തിയുണ്ട്. അന്വേഷണ സമയത്ത് ഉന്നതർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ അന്വേഷണം നടക്കില്ലെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നിങ്ങൾ എത്ര ഉന്നതൻ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി വ്യക്തമാക്കി.