ദേശീയ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരെന്ന പേരില്‍ പേരുവിവരവും ചിത്രങ്ങളടക്കവും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച യോഗി സര്‍ക്കാരിന് തിരിച്ചടി. പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ വലിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
ലഖ്നാവിലെ വിവിധയിടങ്ങളില്‍ ‘ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍’ എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ഹസ്രത് ഗഞ്ച്, താക്കൂര്‍ഗഞ്ച്, കൈസര്‍ബാഗ് അടക്കമുള്ള പല സ്ഥലങ്ങളിലും ഈ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറലാണ് നടപടിയെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. തികഞ്ഞ അന്യായമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശ് പൊലീസ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസുകള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഒരു ബോര്‍ഡില്‍ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്. കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍, വക്കീല്‍ മുഹമ്മദ് ഷോയിബ്, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദീപക് കബീര്‍, റിട്ടയേഡ് ഐപിഎസ് ഓഫീസര്‍ എസ് ആര് ദാരാപുരി തുടങ്ങിയവരുമുണ്ട് ഈ ഫ്ലെക്സ് ബോര്‍ഡുകളില്‍. ഇവരില്‍ പലരും സംസ്ഥാന ഗവണ്മെന്റിനെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു.