
തിരുവനന്തപുരം: അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വര്‍ക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയന്‍ പൗരനായ അലക്സേജിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസുകാരന് കൈക്കൂലി വാഗ്ദാനംചെയ്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വര്‍ക്കല പോലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം.ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്. അലക്സേജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു.
2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്സേജും മിറ സെര്‍ദയും ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്കി. ഹാക്കിങ്, കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ വിപണനം, ക്രിപ്റ്റോ തട്ടിപ്പ് എന്നിവയിലും ഇവര്‍ക്ക് പങ്കുണ്ട്.
അലക്സേജിനെതിരേ ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ വര്‍ക്കലയില്‍ എത്തിയതായി സിബിഐയ്ക്ക് വിവരം ലഭിച്ചത്. സി.ബി.ഐ. വര്‍ക്കല പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് വര്‍ക്കല പോലീസ് ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അലക്സേജിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിടികൂടിയതിന് ശേഷമാണ് വലയിലായത് വന്‍ കുറ്റവാളിയാണെന്ന വിവരം പോലീസും തിരിച്ചറിഞ്ഞത്.
വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനെത്തിയ അലക്സേജിനെ വര്‍ക്കല സ്റ്റേഷനിലെ സി.പി.ഒ. ജോജിന്‍ രാജാണ് ആദ്യം കണ്ടെത്തിയത്. മേഖലയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ സി.പി.ഒ. അലക്സേജ് വാടകയ്ക്ക് താമസിക്കുന്ന ഹോംസ്റ്റേയിലും എത്തി. പോലീസുകാരന് എത്തിയപ്പോള്‍ അലക്സേജ് തന്നെയാണ് വാതില്‍തുറന്നത്. പോലീസുകാരനെ കണ്ടതോടെ അപകടം മണത്ത ഇയാള്‍ പിന്നാലെ പോലീസുകാരന് പണം വാഗ്ദാനം. 500-ന്റെ നോട്ടുകെട്ടുകള്‍ പോലീസുകാരന് നേരേ നീട്ടി. ഏകദേശം 50,000 രൂപയുണ്ടായിരുന്നു ഇത്. എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞ ജോജിന്‍ രാജ് ഉടന്‍തന്നെ ഇന്‍സ്പെക്ടറെ വിവരമറിയിച്ചു. പിന്നാലെ വര്‍ക്കല പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലിത്വാനിയന്‍ പൗരനായ അലക്സേജ് വര്‍ഷങ്ങളായി വര്‍ക്കലയിലെ സ്ഥിരംസന്ദര്‍ശകനാണ്. വര്‍ഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ ഇയാള്‍ വര്‍ക്കലയിലെത്തി താമസിക്കാറുണ്ട്. ഒരുവര്‍ഷത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് നിലവിലെ ഹോംസ്റ്റേ ഇയാള്‍ വാടകയ്ക്കെടുത്തിരുന്നത്. ഇത്തവണ അലക്സേജിനൊപ്പം ഭാര്യയും മക്കളും വര്‍ക്കലയിലെത്തിയിരുന്നു. എന്നാല്‍, പോലീസ് പിടിയിലാകുന്നതിന്റെ തലേദിവസം ഇവര്‍ ഇന്ത്യയില്‍നിന്ന് മടങ്ങി.
