തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് കാട്ടിലേക്ക് അയയ്ക്കുകയാണ് ഒരു പോംവഴിയെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ മയക്കുവെടി വയ്ക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘‘മാനന്തവാടി നഗരത്തിന് അടുത്താണ് കാട്ടാന ഇറങ്ങിയിട്ടുള്ളത്. വലിയ തോതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും വാണിജ്യ മേഖലയുമാണ്. അവിടെനിന്നും കാട്ടാനയെ തിരികെ അയയ്ക്കുക എന്നത് സാഹസികമായ ഒരു ജോലിയാണ്. മയക്കുവെടി വച്ച് ആനയെ പിടികൂടി കാട്ടിലേക്ക് അയയ്ക്കുക എന്നതാണ് ഒരു പോംവഴി. എന്നാൽ ജനവാസമേഖല ആയതിനാൽ മയക്കുവെടി വയ്ക്കുന്നത് അത്യന്തം അപകടകരമാണ്. അതുകൊണ്ട് മാനന്തവാടി പ്രദേശത്ത് 144 പ്രഖ്യാപിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലേക്കു പുറപ്പെട്ട വിദ്യാർഥികളെ സ്കൂളിൽതന്നെ സുരക്ഷിതമായി നിർത്താനും മറ്റുള്ള കുട്ടികളോടു സ്കൂളിലേക്കു വരേണ്ട എന്ന നിർദേശവും നൽകിയിട്ടുണ്ട്.
കാട്ടാന ഇറങ്ങിയതിനുശേഷം വളരെ ജാഗ്രതയോടെയാണു വനംവകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും അവിടെ പ്രവർത്തിച്ചു വരുന്നത്. മയക്കുവെടി വയ്ക്കേണ്ട ഘട്ടം വന്നാൽ അതിനുള്ള അനുവാദം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടകയിൽനിന്നുള്ളതാണ്. വയനാട് കലക്ടർ കർണാടകത്തിലെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അവരുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്’’– മന്ത്രി പറഞ്ഞു.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണു മാനന്തവാടി ടൗണിലെ കണിയാരത്ത് ആളുകള്‍ ആദ്യം കണ്ടത്. പിന്നീട് പായോട് വഴി നീങ്ങിയ കാട്ടാന സബ് ട്രഷറിക്കു മുന്നിലൂടെ നടന്നു. വാഹനങ്ങള്ക്കടുത്തുകൂടി പോയെങ്കിലും ഇതുവരെ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. തലപ്പുഴ, മക്കിമല വഴിയാണ് കാട്ടാനയെത്തിയത്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം.