സംഘർഷസാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു. രാത്രി 10.15ന് വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തും. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രൈനിലെ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്ന് ഇന്ത്യ ഇന്ന് ഐക്യരാഷ്ട്രരക്ഷാസമിതി യോഗത്തെ അറിയിച്ചു. വിഷയം നയതന്ത്ര വഴിയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യന്‍ പൗരന്മാര്ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് ആണ് ഇന്നത്തേത്. ബോറിസ്പില് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്.
യുദ്ധഭീതി നിലവിലുള്ള പശ്ചാത്തലത്തില്‍ യുക്രൈനിലെ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരന്മാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഈ മാസം 24, 26 തിയതികളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വീസുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.
യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ (Russia) സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ന് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. തുടര്‍ന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജര്‍മനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടന്‍ ഉക്രൈന് വിടണമെന്ന നിര്‍ദേശം നല്‍കിയത്.
