തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.
സമിതി നിയമപരമായി എന്തെങ്കിലും തെറ്റു ചെയ്തതായി ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. അങ്ങനെ ഏതെങ്കിലും റിപ്പോര്‍ട്ട് വരാതെ കുറ്റക്കാരനാണെന്ന് തെളിയാതെ ശിശുക്ഷേമ കൗണ്‍സില്‍ ചെയര്മാന് ഷിജുഖാന് എതിരെ നടപടിയെടുക്കില്ലെന്നും ആനാവൂര്‍ പറഞ്ഞു.
ശിശുക്ഷേമ സമിതി തെറ്റു ചെയ്തതതായി ഒരു റിപ്പോര്‍ട്ടും ശ്രദ്ധയിലില്ല. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയില്ല. ഇന്നലെ കുടുംബ കോടതി വിധി പറഞ്ഞപ്പോള്‍ സമിതിയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നടത്തിയില്ലെന്നും ആനാവൂര്‍ പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ലാത്ത വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു. അത് തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതല്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാട്. ബാക്കി കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വരുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റ് പറ്റിയതായി പാര്‍ട്ടിക്ക് തോന്നിയിട്ടില്ല.
നിയമപരമായി ദത്തു നല്‍കുന്നത് വരെ ആരും പരാതി നല്‍കിയില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു.
